കോഴിക്കോട് : ബിജെപിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് ഇന്നെത്തും. ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിക്കു മടങ്ങുക.നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
വൈകുന്നേരം മൂന്ന് മണിയോടെയാണ് പ്രധാനമന്ത്രി എത്തുന്നത്. കരിപ്പൂരില്‍
വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നര മണിയോടെ
കോഴിക്കോട്ടെ വിക്രം മൈതാനിയില്‍ എത്തും. തുടര്‍ന്ന് കാര്‍ മാര്‍ഗം
കോഴിക്കോട്ടെ ബീച്ചില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന വേദിയിലെത്തും.
കോഴിക്കോട് ബീച്ചിലെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി കോഴിക്കോട് തളി സാമൂതിരി സ്‌കൂളിലെത്തും. ജനസംഘത്തിന്റെ ആദ്യകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി സ്മൃതിസന്ധ്യ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങില്‍ ആദ്യകാല നേതാക്കള്‍ പ്രധാനമന്ത്രിയുമായി സംവദിക്കും.
പ്രധാനമന്ത്രി എത്തുന്ന ഓരോ ഇടങ്ങളിലെയും സുരക്ഷയ്ക്കായി 'ആന്റി സബോട്ടാഷ്' ടീമുകള്‍ തയാറായിരിക്കും. ഏത് പ്രതിസന്ധിയും നേരിടുന്നതിന് ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഓഫീസര്‍മാര്‍ക്കാണ് ആന്റി സബോട്ടാഷ് ടീമുകളുടെ ചുമതല. കരിപ്പൂര്‍ വിമാനത്താവളം സിഐഎസ്എഫിന്റെ നിയന്ത്രണത്തിലായിരിക്കും. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ ഏഴ് ഡിവിഷന്റെയും ചുമതല.