കാബൂൾ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാലസ് ഗസ്റ്റ് ഹൗസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് ഇന്ത്യക്കാരടക്കം 14 പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. വിദേശ സഞ്ചാരികൾ താമസിക്കുന്ന നഗരമധ്യത്തിലെ പാർക്ക് പാലസ് ഗസ്റ്റ്ഹൗസിനു നേരെയായിരുന്നു ആക്രമണം. വെടിവയ്പ് അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു.
പ്രധാനമായും ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവിടെയുണ്ടായിരുന്നത്. പ്രശസ്ത അഫ്ഗാനി ഗായകനായ അൽതാഫ് ഹുസൈന്റെ സംഗീതപരിപാടിക്ക് ക്ഷണിക്കപ്പെട്ടവരായിരുന്നു ഇവർ. പരിപാടി തുടങ്ങും മുൻപ് അഞ്ചോളം തോക്കുധാരികൾ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു.
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് കാബൂൾ പൊലീസ് ചീഫ് അബ്ദുൽ റഹ്മാൻ റാഹിമി പറഞ്ഞു. രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു, മൂന്നുപേർ സുരക്ഷിതരാണ്, ഒരാളെ കാണാതായിട്ടുണ്ട്. മൂന്നുപേരെ ഇന്ത്യൻ എംബസിയിലെത്തിച്ചിട്ടുണ്ടെന്നും റാഹിമി കൂട്ടിച്ചേർത്തു. ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടതായി യുഎസ് എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്താണ് ആക്രമണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല