തിരുവനന്തപുരം:ഗുരു ഹിന്ദു മതത്തെയല്ല മനുഷ്യ മനസ്സുകളെയാണ് നവീകരിച്ചത്. ഇതോര്‍ക്കാതെയാണ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗമായ സ്വാമി
ശാരദാനന്ദ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ
ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സര്‍വ്വകലാശാല സെനറ്റ്
ഹാളില്‍ നിര്‍വ്വഹിക്കുയായിരുന്നു അദ്ദേഹം. ഒരു മതത്തിലും
ഉള്‍പ്പെടില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിനെ അദ്ദേഹത്തിന്റെ സ്മരണ
നിലനിറുത്തുന്നതിനുള്ള ട്രസ്റ്റിനുള്ളിലിരുന്ന് ഇങ്ങനെ പറയുന്നത്
എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന ജാതിയില്ലാ
വിളംബരത്തിന്റെ കാതല്‍ തന്നെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍. ഇതിന്റെ
ഭാഗമായാണ് ഗുരുവിനെ ഹിന്ദുമത സന്യാസിയാക്കാനുള്ള ശ്രമം. ഇന്ത്യന്‍
സ്വാതന്ത്ര്യ സമരത്തിനോ നവോത്ഥാന മുന്നേറ്റത്തിനോ ഒരു സംഭാവനയും
നല്‍കിയിട്ടില്ല സംഘ് പരിവാര്‍. ജനമനസ്സുകളില്‍ ഇടം നേടുന്നതിന് ഇതൊരു
കുറവാണെന്ന് കരുതിയാകണം സ്വാതന്ത്ര്യസമര പ്രതീകങ്ങളേയും നവോത്ഥാന
പ്രതീകങ്ങളെയും റാഞ്ചാനുള്ള പദ്ധതി. ഇത് പടിപടിയായി നടപ്പിലാക്കുന്നതിന്റെ
ഭാഗമായാണ് അവര്‍ ശ്രീ നാരായണ ഗുരുവിലേക്ക് എത്തിയിരിക്കുന്നതെന്ന്
മുഖ്യമന്ത്രി പറഞ്ഞു
ഗുരുവിന്റെ കാര്യത്തിലെന്ന പോലെ രാഷ്ട്രീയ അജണ്ട മുന്‍നിറുത്തി ഓണം പോലെയുള്ള ആഘോഷങ്ങളെയും സംഘ്പരിവാര്‍ വക്രീകരിക്കുന്നുണ്ടെന്നും മഹാബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നത്
സവര്‍ണാധിപത്യം തിരികെ കൊണ്ടു വരുന്നതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനായിരുന്നു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിളംബര പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. വിളംബര രേഖ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍നും പങ്കെടുത്തു
ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ മുഖ്യപ്രഭാഷണം നടത്തി.
15 ലക്ഷം പേരിലേക്ക് വിളംബര സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന രണ്ടുമാസം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാനതല സെമിനാറുകളും ജില്ലാതല സെമിനാറുകളും നടത്തും. ഗ്രന്ഥശാലാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 6500 കുടുംബസംഗമങ്ങളും നടക്കും. കൂടാതെ ശ്രീ നാരായാണ ഗുരുവിന്റെ വിളംബരരേഖ ഗ്രന്ഥശാലകളിലും സ്‌കൂളുകളിലും പതിപ്പിക്കും.