തിരുവനന്തപുരം:
ഗോകുലം എഫ്‌സി -കേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 29
ന് ആരംഭിക്കും. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന
മത്സരത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ മാധ്യമസ്ഥാപനങ്ങളുടെ 13
ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. നാലു ഗ്രൂപ്പുകളായി തിരിച്ചുള്ള
മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ മാധ്യമം, ന്യൂസ് 18, റിപ്പോര്‍ട്ടര്‍ ടിവി
എന്നിവയാണ്. ഗ്രൂപ്പ് ബിയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കേരളാ
കൗമുദി, ദീപിക, അമൃത ടീമുകളും ഗ്രൂപ്പ് സിയില്‍ ജനം, കലാകൗമുദി, ദേശാഭിമാനി
ടീമുകളും ഗ്രൂപ്പ് ഡിയില്‍ കൈരളി, ജയ്ഹിന്ദ്, മനോരമ, ഏഷ്യാനെറ്റ്
എന്നിവരാണ് ഉള്‍പ്പെടുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍
ക്വാര്‍ട്ടറിലേയ്ക്ക് യോഗ്യത നേടും. 31 ന് വൈകുന്നേരമാണ് ഫൈനല്‍ മത്സരം.
ഫൈനലിനു മുന്നോടിയായി 14 വയസില്‍ താഴെയുള്ള കുട്ടികളുടെ പ്രദര്‍ശന
ഫുട്‌ബോള്‍ മത്സരവും നടക്കും.
കേസരി സൂപ്പര്‍
ലീഗില്‍ ഇക്കുറി ഒന്നു മുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് സമ്മാനം നല്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും ട്രോഫിയും റണ്ണേഴ്‌സ അപ്പിന് 10000
രൂപയും നല്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും നാലാമതെത്തുന്ന
ടീമിനു 2000 രൂപയും സമ്മാനമായി നല്കും. മികച്ച കളിക്കാരന്‍, മികച്ച
ഗോള്‍കീപ്പര്‍, ടോപ് സ്‌കോറര്‍, ഫെയര്‍ പ്ലേ ടീം എന്നിവര്‍ക്ക് 1000 രൂപ
വീതം സമ്മാനം നല്കും. കേരളാ ഫുട്‌ബോള്‍ ടീം മുന്‍ അംഗം എബിന്‍ റോസിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് മത്സരത്തിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ
നിയന്ത്രണം.