ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുക്കൊണ്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് വിവാദ ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും അപകീര്‍ത്തിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഡയറക്ടറുടെയും സര്‍ക്കാരിന്റെയും അനുമതിയോടെ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തത്.സുപ്രീം കോടതി ഉത്തരവ് കോണ്‍ഗ്രസും ബി.ജെ.പിയും സ്വാഗതം ചെയ്തു. .