തിരുവനന്തപുരം:ചരിത്രത്തില്‍ ഏറ്റവുമധികം മെരിറ്റ് സീറ്റുകള്‍ ലഭ്യമാകുന്ന നിലയിലാണ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറിലെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാരിന് വിട്ടുകിട്ടുന്ന 50 ശതമാനം സീറ്റുകളില്‍ 25,000 രൂപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന 20 ശതമാനത്തില്‍ ഫീസ് വര്‍ധന വരുത്തിയിട്ടില്ല. ബാക്കി 30 ശതമാനം സീറ്റുകളിലാണ് രണ്ടരലക്ഷം രൂപ ഫീസിന് ധാരണയിലെത്തേണ്ടി വന്നത്. 1225 ഓളം മെരിറ്റ് സീറ്റുകളാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാരിന് ഇത്തവണ ലഭിക്കുന്നത്. മെരിറ്റ് സീറ്റുകള്‍ കൂടിയതിനാല്‍ സമൂഹത്തിന് കൂടുതല്‍ ഗുണപരമായ കരാറാണ് ഇപ്പോഴുള്ളത്.
മെരിറ്റ് സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ മുമ്പ് 8,50,000 രൂപയ്ക്ക് പഠിക്കേണ്ടിയിരുന്ന 219 വിദ്യാര്‍ഥികള്‍ക്കു കൂടി 2,50,000 രൂപയ്ക്ക് പഠിക്കാന്‍ അവസരം ലഭിച്ചു. കഴിഞ്ഞവര്‍ഷം 329 സീറ്റുകളാണ് ബി.പി.എല്‍/എസ്.ഇ.ബി.സി/എസ്.സിഎസ്.ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി ലഭിച്ചിരുന്നത്. ഇത് ഇത്തവണ 460 ആയി ഉയര്‍ന്നിട്ടുണ്ട് എന്നതും നേട്ടമാണ്. കഴിഞ്ഞവര്‍ഷം 14 കോളേജുകളാണ് കരാറില്‍ ഒപ്പിട്ടതെങ്കില്‍, ഇത്തവണ അത് 21 ആയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ കരാറിലേക്ക് എത്തേണ്ടിവന്നത്. അതേസമയം, കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സുപ്രീംകോടതി വിധി എന്തായാലും അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.