തിരുവനന്തപുരം:രാജ്യത്ത് അസഹിഷ്ണുത ആധിപത്യം നേടുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂന്നിയ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനതല ഗാന്ധിജയന്തി വാരാഘോഷം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെ നിശബ്ദരാക്കുക, സ്വാതന്ത്ര ചിന്ത, ഭക്ഷണം, വസ്ത്രധാരണ രീതി എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ അസഹിഷ്ണുത പ്രവൃത്തികള്‍ ശക്തിയാര്‍ജിച്ചു വരികയാണ്. അതുകൊണ്ട് സമൂഹത്തില്‍ പരസ്പര സഹിഷ്ണുത വര്‍ധിപ്പിക്കാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കുളള പ്രസക്തി ഏറി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിയന്‍ ആശയങ്ങളും കാഴ്ചപാടുകളും വിമര്‍ശനവിധേയമായിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ഥ വീക്ഷണങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുകയാണ് ജനാധിപത്യത്തിന്റെ കാതല്‍. ലോകത്തില്‍ ഇന്നു കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും ഗാന്ധിയന്‍ ആശയങ്ങള്‍ പരിഹാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് കൊണ്ട് തന്നെ ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മുടെ ജനങ്ങള്‍ ആശിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധി ഘാതകരെ മഹത്വവത്കരിക്കാനും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ അവ മതിക്കാനുമുളള ശ്രമങ്ങളും രാജ്യത്ത് നടന്നു വരുന്നു. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠിക്കാന്‍ ചിലര്‍ വാദിക്കുന്നത് ഇതിന് ഉദാഹരണമണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യസമര സേനാനികളായ പി.ഗോപിനാഥന്‍ നായര്‍, അഡ്വ.കെ.അയ്യപ്പന്‍ പിളള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ഐഷാബേക്കര്‍, ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ജേക്കബ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.ആന്റ് പി.ആര്‍.ഡി സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് ഐ.എ.എസ് സ്വാഗതവും ഡയറക്ടര്‍ ഡോ.കെ.അമ്പാടി നന്ദിയും പറഞ്ഞു. വാരാഘോഷത്തോടനുബന്ധിച്ച് വരകളില്‍ ഗാന്ധി തല്‍സമയ ചിത്രരചനയുടെ ഉദ്ഘാടനം ഡോ.ഉഷാടൈറ്റസ് ഐ.എ.എസ് നിര്‍വഹിച്ചു. പ്രമുഖ കലാകാരന്മാര്‍ പങ്കെടുത്തു. വാഴമുട്ടം ചന്ദ്രബാബു അവതരിപ്പിച്ച ഗാന്ധി സംഗീതവും ഉണ്ടായിരുന്നു.
രാവിലെ ഗാന്ധിപാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രി കടകംപളളി സുരേന്ദ്രന്‍, ഡോ.കെ.ജെ.യേശുദാസ്, മേയര്‍ വി.കെ പ്രശാന്ത്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, എ.സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഡോ.ഉഷാ ടൈറ്റസ്, പി. ഗോപിനാഥന്‍ നായര്‍, ഡോ.കെ.അമ്പാടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ ഏഴ് മുതല്‍ ഗാന്ധി പാര്‍ക്കില്‍ തിരുവനന്തപുരം സ്വരാഞ്ജലിയുടെ നേത്യത്വത്തില്‍ ദേശഭക്തി ഗാനാഞ്ജലിയും ഉണ്ടായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേത്യത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.