തിരുവനന്തപുരം:ഐടി@സ്‌കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്‌കൂളുകളില്‍ നവംബര്‍ 1 മുതല്‍ 2 എം.ബി.പി.എസ് വേഗതയുള്ള ഡേറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗത കുറയാത്ത പ്രത്യേക സ്‌കീം ആണിത് . സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറി തലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.