തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ മുഖ്യ പ്രതികൾ ബന്ധുക്കളും അയല്‍ക്കാരുമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം 2015 ജൂലൈ–ഡിസംബര്‍ കാലയവളവില്‍ രജിസ്റ്റര്‍ചെയ്ത 999 കേസാണ് കമീഷന്‍
പഠനവിധേയമാക്കിയത്. ഇതില്‍ 316 കേസിലും പ്രതിസ്ഥാനത്ത് ബന്ധുക്കളും
അയല്‍ക്കാരുമാണ്. അക്രമത്തിന് ഇരയാകുന്ന കുട്ടികളിലേറെയും മറ്റ് പിന്നോക്കവിഭാഗത്തില്‍ പെട്ടവരാണ്. 475 കേസാണ് ഈ വിഭാഗത്തിലുള്ളത്.
299 കേസില്‍ പ്രതികളാരെന്ന് കൃത്യമായി വ്യക്തമല്ല. 146 കേസില്‍ പ്രതിസ്ഥാനത്ത് സുഹൃത്തുക്കളാണ്. 134 കേസിനു പിന്നില്‍ അജ്ഞാതവ്യക്തികളും. വാന്‍, ബസ്, ഓട്ടോ ഡ്രൈവര്‍മാരാണ് 47 കേസില്‍ കുറ്റക്കാര്‍. 26 കേസില്‍ കാമുകരും 31 കേസില്‍ അധ്യാപകരുമാണ് വില്ലന്‍.
സംഭവം നടന്നത് ഏറെയും കുട്ടികളുടെ വീട്ടില്‍ത്തന്നെയാണ്. 304 കേസാണ് കുട്ടികളുടെ വീട്ടില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 185 കേസ് അതിക്രമിയുടെ വീട്ടിലും. പൊതു ഇടങ്ങളില്‍– 331, അപരിചിത സ്ഥലങ്ങളില്‍– 43, വിദ്യാലയങ്ങള്‍– 33, ശിശുക്ഷേമ സ്ഥാപനങ്ങള്‍– 10 കേസുമുണ്ടായി.
അതിക്രമത്തിന് ഇരയായവരില്‍ ഏറെയും 16–18 പ്രായവിഭാഗത്തിലുള്ളവരാണ്. രണ്ടാംസ്ഥാനത്ത് 13–15 പ്രായപരിധിയില്‍പ്പെട്ടവരും. 7–12 പ്രായത്തില്‍പ്പെട്ടവരാണ് ഇരകളില്‍ മൂന്നാംസ്ഥാനത്തുള്ളത്. 4–6 വിഭാഗത്തില്‍ ആറ് ശതമാനവും മൂന്നുവയസ്സിനു താഴെ ഒരുശതമാനം കേസും റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് ഇരയാകുന്ന കുട്ടികളിലേറെയും മറ്റ് പിന്നോക്കവിഭാഗത്തില്‍ (ഒബിസി)പെട്ടവരാണ്. 475 കേസാണ് ഈ വിഭാഗത്തിലുള്ളത്. പൊതുവിഭാഗത്തില്‍– 157, എസ്സി– 149, എസ്ടി– 66 കേസുമുണ്ട്.
കുറ്റക്കാരില്‍ ഏറെയും 19–40 പ്രായപരിധിയിലുള്ളവരാണ്. 60 വയസ്സിനു മുകളിലുള്ളവര്‍ പ്രതിസ്ഥാനത്തുള്ള 50 കേസും റിപ്പോര്‍ട്ട് ചെയ്തു. 18 വയസ്സിനു താഴെയുള്ളവര്‍ പ്രതിസ്ഥാനത്ത് 76 കേസുണ്ടായെന്നതും ശ്രദ്ധേയമാണ്. 2012 മുതല്‍ 2015 വരെ കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കോര്‍ട്ടുകളിലെത്തിയത് 3711 കേസ്. ഇതില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസുകളില്‍ 197 കേസും പ്രതികളെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ടത് 53 പേരെ മാത്രം.