NEWS22/04/2017

കേരള സാമൂഹിക ചിത്രത്തിന് അടിത്തറ പാകിയത് ഇ.എം.എസ്: മന്ത്രി മേഴ്‌സിക്കുട്ടി

ayyo news service
മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ചിത്രങ്ങൾ കാണുന്നു
തിരുവനന്തപുരം: കേരളത്തിലെ ഇന്നത്തെ സാമൂഹിക ചിത്രത്തിന് അടിത്തറ പാകിയത് ഇ.എം.എസ് ആണെന്ന്  ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ഐക്യകേരള ചരിത്രത്തിലെ അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ അറിവ് ചിത്രങ്ങള്‍ക്ക് പകര്‍ന്നു നല്‍കാനാകും. കേരളത്തിലെ ഇന്നത്തെ സാമൂഹിക ചിത്രത്തിന് അടിത്തറ പാകിയത് ഇ.എം.എസ്. സര്‍ക്കാരാണ്. അത് പുതിയ തലമുറയെ പഠിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ കേരളത്തിലെ ആദ്യ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി ഇ.എം.എസ്. ഗവര്‍ണര്‍ ഡോ. ബുര്‍ഗുള രാമകൃഷ്ണ റാവു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പ്രദര്‍ശനത്തിലുള്ള ആദ്യ ചിത്രം. മന്ത്രി സഭാംഗങ്ങളായ ടി.വി. തോമസ്, കെ.സി. ജോര്‍ജ്, കെ.പി. ഗോപാലന്‍, ടി.എ. മജീദ്, പി.കെ. ചാത്തന്‍, ജോസഫ് മുണ്ടശ്ശേരി, കെ.ആര്‍. ഗൗരി, വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. എ.ആര്‍. മേനോന്‍ എന്നിവര്‍ മുഖ്യമന്ത്രി ഇ.എം.എസിനോടൊപ്പമിരിക്കുന്ന ചിത്രം, ഇ.എം.എസിന്റെയും എ.കെ.ജിയുടെയും സ്വകാര്യ സംഭാഷണത്തിന്റെ ചിത്രം, ധനമന്ത്രി സി. അച്യുതമേനോന്‍ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന ചിത്രം, കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി ഇ.എം.എസ് സംബന്ധിക്കുന്ന ചിത്രം, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചിത്രം തുടങ്ങിയ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളില്‍ കാണാം.

1940ലെ സെക്രട്ടേറിയറ്റിന്റെ ചിത്രം ഏറെ കൗതുകകരമായ ചിത്രമാണ്. ഐക്യകേരളത്തിനുമുന്നോടിയായി കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ തിരുവിതാംകൂര്‍ മഹാരാജാവും കൊച്ചി മഹാരാജാവും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന അത്യപൂര്‍വ ചിത്രവും 1959 ജൂലൈ 31ന് ആദ്യ മന്ത്രി സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇ.എം.എസ്. സെക്രട്ടേറിയറ്റ് ജീവനക്കാരോട് വിടവാങ്ങുന്ന ചിത്രവും ഇ.എംഎസിന്റെ കുടുംബ ചിത്രങ്ങളും, രണ്ടാം ഇ.എം.എസ് മന്ത്രിസഭാ രൂപീകരണത്തിനുശേഷം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ സ്വീകരണചിത്രവും കൂടാതെ അറുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തെ ചരിത്ര സമ്പന്നമാക്കുന്നു. ആദ്യ കേരള മന്ത്രി സഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചതാണ് പ്രദര്‍ശനം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ കെ. സുരേഷ്‌കുമാര്‍, എസ്.ആര്‍. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശനം 26 വരെ കനകക്കുന്നില്‍ നടക്കും.
 



Views: 1587
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024