നവമാധ്യമങ്ങളുടെ സാധ്യതകളും കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഫേസ് ബുക്ക് പേജ് ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഫലപ്രദമായ രീതിയില്‍ മുന്നോട്ടുപോകുകയുമാണ് ലക്ഷ്യം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും വകുപ്പിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകരും. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ 'സമ്പൂര്‍ണ്ണ വൈദ്യുതീകരണം' എന്ന നാഴികക്കല്ല് തീര്‍ക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതിവകുപ്പും കെ.എസ്.ഇ.ബി. ലിമിറ്റഡും. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 'Energy Deficient State' ല്‍ നിന്നും 'Energy Sufficient State' ലേക്ക് കേരളത്തെ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പരമ്പരാഗത ജലവൈദ്യുത പദ്ധതികളില്‍ മുടങ്ങി കിടക്കുന്നവ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം സോളാര്‍ ഉള്‍പ്പെടെയുള്ള നൂതന ഊര്‍ജ സോത്രസ്സുകളെ ശ്രോതസ്സുകളെഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ അനാവശ്യമായ ഊര്‍ജ ഉപയോഗത്തിനെതിരെ ശക്തമായ അവബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
ഈ പ്രവര്‍ത്തനങ്ങളെല്ലാം വിജയിപ്പിക്കാന്‍ ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണയും സഹകരണവും ആവശ്യമാണ്. അതോടൊപ്പം വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം പ്രതീക്ഷിക്കുന്നു. അവയെല്ലാം ഉള്‍ക്കൊണ്ട് കരുത്തോടെ മുന്നോട്ടു പോകാം.