തിരുവനന്തപുരം:നികുതിപിരിവിലും പദ്ധതി നടത്തിപ്പിലും തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി.എ. പ്രകാശ് അഭിപ്രായപ്പെട്ടു.
എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുകയും 105 തദ്ദേശസ്ഥാപനങ്ങളുടെ ധനസ്ഥിതിയും വാര്‍ഷികപദ്ധതിയും വിലയിരുത്തുകയും ചെയ്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി, നികുതിയേതര കുടിശ്ശികകള്‍ യഥാസമയം പിരിച്ചെടുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ പൊതുവില്‍ അലംഭാവം കാണിക്കുന്നു. വസ്തു നികുതിയും വാടക പോലുള്ള നികുതിയിതര ഇനങ്ങളും യഥാസമയം പിരിക്കുന്നില്ല.
സര്‍ക്കാരില്‍നിന്ന് മറ്റു ഗ്രാന്റുകള്‍ സ്ഥിരമായി ലഭിക്കുന്നതിനാല്‍ നികുതി പിരിവില്‍ അലംഭാവമുണ്ട്. കോര്‍പറേഷനുകളില്‍, തിരുവനന്തപുരം 59.48 കോടിയും തൃശൂര്‍ 21.86 കോടിയും, കോഴിക്കോട് 5.55 കോടിയും കൊച്ചി 13.06 കോടിയും കൊല്ലം 3.73 കോടിയും പിരിച്ചെടുക്കാനുണ്ട്. പദ്ധതി രൂപീകരണത്തിനും നടത്തിപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ട് രണ്ട് ദശാബ്ദമായെങ്കിലും നടത്തിപ്പ് പൊതുവേ മോശമാണ്.
പദ്ധതി അടങ്കല്‍ തുകയുടെ നല്ല ഭാഗവും അതേസാമ്പത്തിക വര്‍ഷം ചെലവഴിക്കാനാവുന്നില്ല. ചെലവഴിക്കുന്ന തുകയും സിംഹഭാഗവും സാമ്പത്തികവര്‍ഷത്തിന്റെ അവസാന മാസങ്ങളിലാണ്. വേണ്ടത്ര ജീവനക്കാര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇല്ലാത്തതാണ് പദ്ധതി നടത്തിപ്പിന് പ്രധാന തടസ്സമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയതായി കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് പോകുമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സിറ്റിംഗില്‍ ചൂണ്ടിക്കാട്ടിയതായി കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയിലെ തനതുവരുമാനം ഓരോ അഞ്ചുവര്‍ഷവും വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് അധികാരം നല്‍കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിച്ചതായി കമ്മീഷന്‍ പറഞ്ഞു. വസ്തുനികുതിയും തൊഴില്‍നികുതിയും വര്‍ധിപ്പിക്കണമെന്നും കമ്മീഷന്റെ മുന്നില്‍വന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളും ആവശ്യപ്പെട്ടു. നികുതി, നികുതിയേതര ഇനങ്ങളിലെ നിരക്ക് നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനും നിലവിലുള്ള ബൈല സമ്പ്രദായം മാറ്റി പൊതുചട്ടം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പുതുതായി ഉണ്ടാകുന്ന സ്ഥാപനങ്ങളിലെ നികുതിപിരിവിന് തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും പല തദ്ദേശസ്ഥാപനങ്ങളും ആവശ്യപ്പെട്ടു.
നികുതി വര്‍ധനവിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവെച്ച മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്: എല്ലാ വീടുകളും വസ്തുനികുതിയുടെ പരിധിയില്‍ കൊണ്ടുവരണം. കേന്ദ്രസര്‍ക്കാര്‍ കെട്ടിടങ്ങളുാ ദേവസ്വം ബോര്‍ഡുകള്‍ ഉള്‍പെടെയുള്ള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളും അണ്‍ എയിഡഡ് സ്ഥാപനങ്ങളും വസ്തുനികുതിക്ക് വിധേയമാക്കണം. മല്‍സ്യബന്ധനബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തണം. ഹൗസ് ബോട്ടുകള്‍ പ്രാദേശിക സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം. ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, വാണിജ്യാവശ്യത്തിന് നല്‍കുന്ന കടമുറികള്‍ എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കണം. പാറ, കരിങ്കല്ല്, ചല്ലി എന്നിവ കൊണ്ടുപോകുന്നതിന് പ്രാദേശികസര്‍ക്കാരില്‍ നിന്ന് പാസ് വാങ്ങണം. ക്വാറി, ക്രഷര്‍ ലൈസന്‍സ് ഫീ ഉയര്‍ത്തുക. വാടകക്ക് നല്‍കിയിട്ടുള്ള വീടുകളുടെ വസ്തുനികുതി സാധാരണനിരക്കിനേക്കാള്‍ ഉയര്‍ത്തുക. കേബിള്‍ ഉപഭോക്താക്കളുടെ മേല്‍ ഫീസ്/സര്‍ച്ചാര്‍ജ് ഈടാക്കുക. തൊഴില്‍ നികുതി അടയ്ക്കാത്തവരുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടിക്കും ഫൈന്‍ വര്‍ധിപ്പിക്കാനും നിയമഭേദഗതി വേണം.
ആദ്യമായാണ് ധനകാര്യകമ്മീഷന്‍ ഇത്തരത്തില്‍ വിശാലമായ സിറ്റിംഗുകള്‍ നടത്തി തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാരിന് ഡിസംബറിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം രാഷ്ട്രീയ കക്ഷികളുടേയും പൊതുജനങ്ങളുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ സെക്രട്ടറി ടി.കെ. സോമന്‍, അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.