തിരുവനന്തപുരം: സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ സമഗ്രവികസനത്തിലൂടെയുള്ള ബദലാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തലസൗകര്യവികസനത്തിന് തടസ്സങ്ങളില്ലാത്ത പ്രായോഗികമായ നടപടികള്‍ക്കാണ് മുന്‍കൈയെടുക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയ പാത വികസനം തുടങ്ങിയവയില്‍ മടിച്ചുനിന്നിരുന്ന അവസ്ഥ മാറി നാടിന്റെ വികസനത്തിനുള്ള നടപടികളുണ്ടാകുമെന്ന സ്ഥിതിയായി. തീരദേശ, മലയോര ഹൈവേകളും ദേശീയ ജലപാതയും ഉടന്‍ യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ടൂറിസം രംഗത്തും ഇത് കുതിച്ചുചാട്ടമുണ്ടാക്കും. പരമ്പരാഗത തൊഴില്‍ മേഖലയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുകയാണ് സര്‍ക്കാര്‍. തങ്ങളോടൊപ്പമുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന തിരിച്ചറിവാണ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍. കശുവണ്ടി, കയര്‍ മേഖലകളിലെ തകര്‍ച്ച മാറിവരുന്നു. സ്‌കൂളുകളില്‍ കൈത്തറി യൂണിഫോം വിതരണം നടത്താന്‍ കൈത്തറി തൊഴിലാളികളെ ചുമതലപ്പെടുത്തിയതോടെ ആ മേഖലയില്‍ വന്‍ ഉണര്‍വാണുണ്ടായത്. ഇനിയും ആ മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരും.
കാര്‍ഷികമേഖലയിലും വലിയ മാറ്റമുണ്ടായി. നെല്‍കൃഷിയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കാനായി. നാടിന്റെ വികസനത്തിനുള്ള സാമ്പത്തിക സ്രോതസ്സായി കിഫ്ബി മാറും. ക്ഷേമപെന്‍ഷനുകള്‍ 1100 രൂപയാക്കി. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കുള്ള സഹായത്തിന് 900 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. വ്യോമയാന മേഖലയിലും ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികളാണുണ്ടാകുന്നത്. വിമാനത്താവളങ്ങള്‍ വികസിക്കുന്നതിനും വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനും അമിതകൂലി നിയന്ത്രിക്കുന്നതിനും ഇടപെടലുകളുണ്ടായി. നാലു മിഷനുകളിലൂടെ ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലകളില്‍ ജനക്ഷേമ, വികസന നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ജലക്ഷാമം നേരിടാനും ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനുള്ള ഉദാഹരണമാണ് തലസ്ഥാനനഗരത്തില്‍ നെയ്യാറില്‍ നിന്നുള്ള ജലമെത്തിച്ചത്. ഇനിയും കൂടുതല്‍ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.