തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 14 മുതല്‍ ജൂലായ് 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മത്‌സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനു പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഇത്തവണ 17 പ്രത്യേക ബോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറെനാളത്തെ ആവശ്യമായ മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നല്‍കിക്കഴിഞ്ഞു. മറൈന്‍ സ്‌റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്‌സ്യതൊഴിലാളികളിലെ മിടുക്കരെ ലൈഫ് ഗാര്‍ഡുമാരായി നിയോഗിക്കും. സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന ബോട്ടുകള്‍ ഏകീകൃത കളര്‍ കര്‍ശനമായി ഉപയോഗിക്കണം. സുരക്ഷയ്ക്കായി 1554, 1093 ടോള്‍ഫ്രീ നമ്പരുകള്‍ പ്രയോജനപ്പെടുത്തണം. ചെറുമത്‌സ്യങ്ങളെ പിടിക്കുന്നത് നിയമനിര്‍മ്മാണത്തിലൂടെ തടയുമെന്നും മന്ത്രി പറഞ്ഞു.