ഇ. ശ്രീധരൻ
തിരുവനന്തപുരം: സമൂഹത്തിൽ മറ്റു പ്രൊഫഷനുകൾക്ക് കിട്ടുന്ന സ്വീകാര്യത എൻജിനീയറിന് ഇന്നില്ലെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഹാളിൽ മെട്രോ റെയിൽ - ദിഫ്യുച്ചർ ട്രാൻസ്പോർട്ടേഷൻ ഇൻ സിറ്റീസ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൻജിനീയർമാരുടെ സാങ്കേതികതികവിന്റെ അഭാവവും പഠിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരത്തകർച്ചുമാണ് അതിനു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യയിൽ ധാരാളം പേർ എൻജിനീയറിങ് പഠിച്ചിറങ്ങുന്നെണ്ടെങ്കിലും അവരിൽ തൊഴിലില്ലാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് അവരിന്ന് കടകളിലും മറ്റും ജോലി ചെയ്യുന്നു, നമ്മുടെ കൊച്ചി മെട്രോയിൽ ടിക്കെറ്റ് ക്ലർക്ക് ജോലിചെയ്യാൻ പോലും എൻജിനീയർമാരുണ്ട്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ എൻജിനീയറാകാൻ താല്പര്യം കാണിക്കുന്നവരുടെ എണ്ണം 20% മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം,കേരളത്തിൽ +2 കഴിയുമ്പോൾ തന്നെ എൻജിനീയറാകാൻ മത്സരമാണ്. തൊഴില്ലായ്മയുടെ ഈ സാഹചര്യത്തിൽ ഭീമമായ ക്യാപിറ്റേഷൻ ഫീസ് കൊടുത്ത് എൻജിനീയറിങിന് ചേരാതെ മറ്റു തൊഴിലധിഷ്ഠിത കോഴ്‌സിന് ചേരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പൊതുമരാമത്ത് വകുപ്പിലാണ് ഏറ്റവും കാര്യക്ഷമതയും സാങ്കേതിക ക്രീയത്മകതയുമുള്ള എൻജിയർമാരുണ്ടെന്നു പറഞ്ഞ അദ്ദേഹം 35വർഷത്തെ പരിചയസമ്പത്തുള്ള എൻജിനീയറുടെ തലപ്പത്ത് അഞ്ചാറുവർഷത്തെ പരിചയം മാത്രമുള്ള ജൂനിയർ ഐഎഎസുകാരെ നിയമിക്കാതെ സാങ്കേതികപരമായ ഉന്നമനത്തിന് എൻജിനീയറെ തന്നെയാകണം നിയമിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.