തിരുവനന്തപുരം: ഓണോത്സവ ലഹരിയിലാണ് നെയ്യാറ്റിന്‍കര. നഗരവാസികളെപ്പോലെ വാരാഘോഷത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഇവിടത്തുകാരുടെ ഓണാഘോഷം. ചിങ്ങത്തിന്റെ പാതി ദിവസവും ഉത്സവലഹരിയിലാണ് ഈ നാടും നാട്ടാരും. ഒരു വ്യാഴവട്ടമായി തുടരുന്ന നെയ്യാര്‍ഡാമിലെ ടൂറിസം വാരാഘോഷവും അഞ്ചുവര്‍ഷമായി തുടരുന്ന നെയ്യാര്‍ മേളയും ഈ ഗ്രാമീണമേഖലയുടെ ഓണക്കാലത്തിന് മഹോത്സവ ഛായ തന്നെ പകര്‍ന്നു കഴിഞ്ഞു. നഗരവാസികളും വിദേശികളുമടക്കം പതിനായിരങ്ങളാണ് ഓണം വാരാഘോഷക്കാലത്ത് നെയ്യാറിന്‍ തീരത്തത്തുന്നത്. ഇത്തവണയും നാട്ടുകാര്‍ക്കും വിരുന്നുകാര്‍ക്കും മനസ്സ് കുളിര്‍പ്പിക്കുന്ന ആഘോഷ പരിപാടികളാണ് ടൂറിസം വാരാഘോഷത്തിന്റെയും നെയ്യാര്‍ മേളയുടെയും ഭാഗമായി ഒരുക്കിയിരിക്കുന്നത്. മൂന്നിന് തുടങ്ങിയ ഓണംവാരാഘോഷ പരിപാടികള്‍ക്ക് സാംസ്കാരിക ഘോഷയാത്രയോടെ ഇന്ന് തിരശ്ശീല വീഴുമെങ്കിലും ഓണോത്സവത്തിന് സമാപനമാകില്ല.
ഓണാഘോഷവും വ്യാപാരമേളയും ചേര്‍ന്ന പ്രശസ്തമായ നെയ്യാര്‍മേള സെപ്റ്റംബര്‍ 12 വരെ തുടരും. ആഗസ്റ്റ് 25 ന് നെയ്യാര്‍ മേളയ്ക്ക് തിരിതെളിഞ്ഞതോടെ ഇവിടത്തെ ഓണാഘോഷ രാവുകള്‍ക്കും തുടക്കമായി. തെക്കന്‍ കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും വിപുലവുമായ ഓണാഘോഷമാണ് ഇന്ന് നെയ്യാര്‍മേള. ഒന്നരലക്ഷത്തോളം ആളുകള്‍ സന്ദര്‍ശകരായി എത്തുന്ന മേളയില്‍ വിവിധ കലാ - കായിക സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറുന്നു. ആറു കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ ശോഭിതമാണ് നെയ്യാറ്റിന്‍കര.
ചെങ്കല്‍ വലിയ കുളത്തില്‍ നടക്കുന്ന പത്ത് ദിവസം നീണ്ട ജലോത്സവം മേളയുടെ ഏറ്റവും വലിയ ആകര്‍ഷണം. 1450 മീറ്റര്‍ ചുറ്റളവുള്ള കുളത്തിലെ മത്സരങ്ങള്‍ പാതയോരത്തു നിന്ന് സൗകര്യപ്രദമായി കാണാനാവുന്നു എന്നതാണൊരു പ്രത്യേകത. പത്താം ദിവസം വള്ളംകളി മത്സരത്തോടെ ജലോത്സവം സമാപിക്കും. ആദിവാസി ഊരുകളിലെ ചികിത്സ, ഭക്ഷണം, പാരമ്പര്യ കലാ വിരുന്നുകള്‍ എന്നിവ മേളയുടെ ആകര്‍ഷണമാണ്. ഇവരുടെ ജീവിതശൈലി അടുത്തറിയാന്‍ നിരവധി പേര്‍ എത്തുന്നു. ചക്ക മഹോത്സവം, വനവിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും, കാര്‍ഷികോല്പന്ന പ്രദര്‍ശന വില്പനമേള തുടങ്ങിയവയും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ താലൂക്കിലെ എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളികള്‍ വരെയുള്ളവരെ അവരുടെ മികവനുസരിച്ച് മേളയില്‍ അാദരിക്കുന്നു. മതസൗഹാര്‍ദ്ദം കാത്തു
സൂക്ഷിക്കുകയും, വര്‍ഗ്ഗീയതക്കും, അഴിമതിക്കുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് സ്വദേശാഭിമാനിയുടെ പേരില്‍ ഈ വര്‍ഷം മുതല്‍ പരുസ്‌ക്കാരം നല്‍കും. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
കേരളത്തിലെ പ്രമുഖ പ്രൊഫഷണല്‍ സംഘങ്ങള്‍ പങ്കെടുക്കുന്ന നാടകമേള, ഡോക്യുമെന്ററി ഫെസ്റ്റിവല്‍, വിവിധ പഞ്ചായത്തുകളിലായി സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ദേശീയ കബഡി ടൂര്‍ണമെന്റ് ഷട്ടില്‍ ബാഡ്മിന്റണ്‍, നെയ്യാറ്റിന്‍കര നഗരസഭയില്‍ വോളിബോള്‍ ടൂര്‍ണമെന്റ്, ബോള്‍ ബാഡ്മിന്റണ്‍, കളരിപ്പയറ്റ് എന്നിവയും വിവിധ വേദികളിലായി വര്‍ഷം തോറും അരങ്ങേറുന്നു.
കൂടാതെ സ്‌കൂള്‍ കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍, സെമിനാറുകള്‍, കാര്‍ണിവല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അത്തപ്പൂക്കള മത്സരം, നാടന്‍ പന്തുകളി എന്നിവയും മേളയ്ക്ക് കൊഴുപ്പകുന്നു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുന്നു.
പ്രധാന വേദിയായ നഗരസഭാ സേ്റ്റഡിയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പവലിയന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. വിസ്മയകരമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുരാവസ്തു - പുരാരേഖ പ്രദര്‍ശനമാണ് ഇപ്രാവശ്യത്തെ മറ്റൊരു പ്രധാന ഇനം.