തിരുവനന്തപുരം: ശാസ്ത്ര കൗതുകങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും കരകൗശലങ്ങളുടെയും സര്‍ഗാത്മക മത്സരങ്ങളുടെയും പ്രദര്‍ശനവേദിയായി മാറിയ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയും വൊക്കേഷണല്‍ എക്‌സ്‌പോയും പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു.
പ്രവര്‍ത്തി പരിചയമേളയില്‍ 45327 പോയിന്റോടെ നെയ്യാറ്റിന്‍കര ഉപജില്ല ഒന്നാം സ്ഥാനത്തും 45185 പോയിന്റോടെ തിരുവനന്തപുരം സൗത്ത് രണ്ടാം സ്ഥാനത്തുമെത്തി. സയന്‍സ്‌മേളയില്‍ 142 പോയിന്റ് നേടി കിളിമാനൂര്‍ ഉപജില്ലയും 122 പോയിന്റോടെ ആറ്റിങ്ങലും ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഗണിതശാസ്ത്രമേളയില്‍ 316 പോയിന്റോടെ ആറ്റിങ്ങല്‍ മുന്നിലെത്തി
299 പോയിന്റ് നേടിയ നെയ്യാറ്റിന്‍കര തൊട്ടു പിന്നിലുമെത്തി.
സാമൂഹ്യശാസ്ത്രമേളയില്‍ പാലോട് സബ്ജില്ല 58 പോയിന്റ് നേടി മുന്നിലെത്തി. 46 പോയിന്റുകള്‍ നേടി കിളിമാനൂരും നെയ്യാറ്റിന്‍കരയും രണ്ടാം സ്ഥാനം നേടി.
ഐ.ടി. മേളയില്‍ 92 പോയിന്റ് നേടി ബാലരാമപുരം സബ് ജില്ലയും തിരുവനന്തപുരം സൗത്തും ഒന്നാം സ്ഥാനം പങ്കിട്ടു. 85 പോയിന്റോടെ തിരുവനന്തപുരം നോര്‍ത്ത് രണ്ടാം സ്ഥാനത്തെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്.എം. റാസിക് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രമണി റ്റി.വി, ഡി.പി.ഒ. വി. ശ്രീകുമാര്‍, പി.ടി.എ. പ്രസിഡന്റ് ജയകുമാര്‍, എം.പി.ടി.എ. പ്രസിഡന്റ് രമാദേവി പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍, എസ്. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.