കാനായിയും യക്ഷിയും. ചിത്രം: ജിതേഷ് ദാമോദര്‍
തിരുവനന്തപുരം: ശില്‍പകലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്‍പി കാനായി കുഞ്ഞി രാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പമായ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഏപ്രില്‍ 2,3,4 തിയതികളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ 4 വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാനായിക്ക് സാംസ്ക്കാരിക കേരളത്തിന്റെ ആദരവാർപ്പിക്കും. മുല്ലക്കര രത്‌നകാരന്‍ എം.എല്‍.എ അധ്യക്ഷനാകും. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തും. എം.പിമാരായ ശശി തരൂര്‍, ഡോ. എ. സമ്പത്ത്, കെ. മുരളീധരന്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാര്‍ എം. വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഏപ്രില്‍ രണ്ടിന് വൈകുന്നേരം നാലിന് കാനായിയുടെ ശില്‍പ കലയിലെയും ജീവിതത്തിലെയും അപൂര്‍വ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തോടെയാണ് ത്രിദിന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് യക്ഷി ശില്‍പത്തിന്റെ ദാര്‍ശനികതയെക്കുറിച്ച് ചര്‍ച്ച നടത്തും. രാത്രി എട്ടിന് ജയപ്രഭ മേനോൻ അവതരിപ്പിക്കുന്ന സാഗരകന്യക എന്ന നൃത്ത ശില്‍പം അരങ്ങേറും.
ഏപ്രില്‍ മൂന്നിന് വൈകിട്ട് നാലിന് 'കാനായിക്ക് എണ്‍പത് വയസ്സ്-ശില്‍പകലയുടെ ചരിത്രവും ഭാവിയും' എന്ന സെമിനാര്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷിമിയും രവിശങ്കറും ചേർന്ന് 'ശില്‍പ സംഗീതിക' എന്ന ഗാനസന്ധ്യ അവതരിപ്പിക്കും. ഏപ്രില്‍ നാലിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിനു ശേഷം രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന യക്ഷി നൃത്ത ശില്‍പം അരങ്ങേറും.സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ ഭാരത് ഭവനും ലളിതകലാ അക്കാദമിയും തിരുവനന്തപുരം നഗരസഭയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേൽനോട്ടം.. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാംസ്ക്കാരിക സന്ധ്യയുടെ ആവിഷ്ക്കാരവും സംവിധാനവും നിർവ്വഹിക്കുന്നത് നാടക-സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂരാണ്