തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവഗാനം വിവാദത്തിലായ സാഹചര്യത്തില്‍ അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന കുട്ടികളില്‍ നല്ലഗായകരും, ഗാനരചയിതാക്കളുമുണ്ട്. എന്നാല്‍ അവര്‍ക്ക് അവസരം നല്‍കുന്നില്ല. ഒട്ടേറെ പ്രഗത്ഭരായ സംഗീതാധ്യാപകര്‍ പൊതു വിദ്യാലയങ്ങളിലുണ്ടെങ്കില്‍, ഗാനത്തിന്റെ സംഗീത സംവിധാനം അവരെ ഏല്‍പിക്കുന്നില്ല. ഏകപക്ഷീയമായി ഇപ്പോള്‍ തയ്യാറാക്കിയ പ്രവേശനോത്സവഗാനം ഏറ്റെടുക്കേണ്ട ബാധ്യത പൊതു വിദ്യാലയങ്ങള്‍ക്കില്ല. എല്ലാ സ്‌കൂളുകള്‍ക്കും പൊതുവായി ഒരു പ്രവേശനോത്സവഗാനം എന്ന കാഴ്ചപ്പാടും മാറണം. സാധ്യമെങ്കില്‍ ഓരോ സ്‌കൂളിനും സ്വന്തമായി ഗാനം നിര്‍മ്മിച്ച് ആലപിക്കാന്‍ അവസരം ഉണ്ടാകണം. പ്രവേശനോത്സവഗാനത്തിന്റെ മറവില്‍ സാമ്പത്തിക ചൂഷണം നടന്നിട്ടില്ലെന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എകെഎസ്ടിയു ആവശ്യപ്പെട്ടു.