ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ഏകോപിപ്പിക്കുന്നതും ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. ഒരുരോഗിക്ക് പോലും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കടുത്ത അസുഖമാണെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം മെഡിക്കല്‍ സംഘം ഒരുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരില്‍ വിന്യാസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയില്‍ നിന്നടക്കം സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് 108 ആംബുലന്‍സുകള്‍ ചെങ്ങന്നൂരില്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കുന്നതാണ്. സ്വകാര്യ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ ക്യാമ്പുകളിലും 24 മണിക്കൂറും വൈദ്യ സഹായം ലഭ്യമാക്കാന്‍ ഒരു മെഡിക്കല്‍ ടീം രൂപികരിച്ചതായും മന്ത്രി അറിയിച്ചു. ദുരിതബാധിത മേഖലയില്‍ ഒരു കാരണവും കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടരുതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.