തിരുവനന്തപുരം: ശബരിമല ക്ഷേത്രാചാര വിഷയത്തില്‍ ഉണ്ടായിട്ടുള്ള സുപ്രിംകോടതി വിധി ഹിന്ദു മതാചാരങ്ങള്‍ക്കുമേലുള്ള വിവേചനപരമായ കൈകടത്താലാണെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ പറഞ്ഞൂ. ഒരു മതത്തിന്റെ ആചാരങ്ങള്‍ എന്ത്, എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കുവാനുള്ള അധികാരം അതാത് മതങ്ങള്‍ക്കുണ്ട്. ശബരിമല വിധിന്യായത്തില്‍ അഞ്ചംഗ ബഞ്ചിലെ ഒരു ജസ്റ്റിസ് ഇക്കാര്യം എടുത്തുപറഞ്ഞിട്ടുള്ള കാര്യം ശ്രദ്ധേയമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന വിധിന്യായം ആചാര വിരുദ്ധമാണ്. ഇത് ഭക്തജനങ്ങള്‍ തള്ളിക്കളയും. വിവേചനപരമായി ഹിന്ദുമത ആചാരങ്ങള്‍ക്കുമേലുണ്ടാകുന്ന കടന്നുകയറ്റങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.
ശബരിമല അയ്യപ്പനെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതും ഭഗവാന്റെ യോഗനിദ്രയ്ക്ക് ഭംഗം വരുത്തിയതുമാണ് കേരളത്തില്‍ അടുത്ത കാലത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് വലിയൊരു വിഭാഗം ഭക്തജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കേണ്ട കാര്യത്തില്‍ ഭക്തജനങ്ങള്‍ വിവേകപൂര്‍ണ്ണമായ തീരുമാനം കൈകൊള്ളുമെന്ന് ഭുവനചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞൂ. സുപ്രിം കോടതി ഉത്തരവില്‍ പ്രതിഷേധിച്ചുകൊണ്ട് ശിവസേന പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.