തിരുവനന്തപുരം: അയ്യന്‍കാളിയുടെ പ്രതിമയെ സാക്ഷിയാക്കി തലസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണ സന്ദേശവുമായി വനിതകൾ മതില്‍ തീര്‍ത്തു. കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലം വരെ 43.5 കിലോമീറ്ററാണ് വനിതാ മതില്‍ തീര്‍ത്തത്. പ്രധാനയിടങ്ങളിലെല്ലാം രണ്ടും മൂന്നും വരികളായി വനിതകള്‍ മതിൽ തീർത്തു.
വൈകിട്ട് മൂന്നു മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ മതിലില്‍ അണിനിരക്കാനായി നിശ്ചയിച്ചു നല്‍കിയ സ്ഥലങ്ങളിലെത്തിയിരുന്നു. 3.45ന് ട്രയല്‍ റണ്‍ നടന്നു. കൃത്യം നാലു മണിക്ക് വനിതകള്‍ റോഡിന്റെ ഇടതു വശത്തായി മതില്‍ തീര്‍ത്തു. വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിന്റെ മറുവശത്ത് പുരുഷന്‍മാരും മതില്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ഡോ.ടി. എന്‍. സീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വെള്ളയമ്പലത്ത് നടന്ന പൊതുസമ്മേളനം സി. പി. എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ മതിലിന്റെ അവസാന കണ്ണിയും ബൃന്ദാകാരാട്ടായിരുന്നു.
വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പഹാരം അണിയിച്ചു. ബൃന്ദാ കാരാട്ട്, ആനി രാജ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ഇ. പി. ജയരാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ്. അച്യുതാനന്ദന്‍, ആനിരാജ, നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ എന്നിവര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കി.മീറ്റർ ദൂരത്തിലായിരുന്നു വനിതാമതിൽ. മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയായി. വിവിധ കേന്ദ്രങ്ങളിലായി പൊതുയോഗങ്ങളും നടന്നു.