തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്നു പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കു തലസ്ഥാനമൊരുങ്ങി. സംസ്ഥാനത്തിന്റെ നാനാദിക്കിൽനിന്നുമെത്തിയ സ്ത്രീജനങ്ങൾ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി പൊങ്കാല അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ദേവിയുടെ പുണ്യം പ്രാപ്തമാക്കുന്ന സ്ത്രീകളുടെ പൊങ്കാല സമർപ്പണം..
കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ബുധനാഴ്ച രാവിലെ 10.15 ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലേക്കും പകരും. ഒപ്പം നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും.
പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 1600 ഓളം വനിതാ പോലീസുകാരെയും നിയോഗിച്ചു. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.