തിരുവനന്തപുരം: പ്രളയസെസ് പിൻവലിക്കുക, വാറ്റ് നികുതിയുടെ പേരിൽ നോട്ടീസ് നൽകുന്ന നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ കടയടപ്പ് സമരത്തിന്റെ ഭാഗമായുള്ള കൂറ്റൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഫലം കണ്ടു. വാറ്റ് നികുതി നോട്ടീസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു. ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വ്യാപാരികൾ സമർപ്പിച്ച വിറ്റുവരവ് കണക്കിലെ പൊരുത്തക്കേട് കണ്ടെത്താൻ ജനറൽ സ്‌ക്രൂട്ടിനി എന്ന സോഫ്റ്റ്‌വെയർ മൊഡ്യുളിലെ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന യോഗം വിലയിരുത്തി. നേരത്തെ വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നോട്ടീസ് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്നും, നോട്ടീസ് നൽകുന്ന ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ച ഒരു വ്യാപാരി പത്തനംതിട്ടയിൽ ആത്മത്യ ചെയ്തു. ഇതിനുകാരണക്കാരായ ധനമന്ത്രിക്കും ഉദ്യാഗസ്ഥർക്കുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാളയത്ത് ആശാൻ സ്ക്വാറിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് വ്യാപാരികൾ പങ്കെടുത്തു.