തിരുവനന്തപുരം:കവി ഒ എൻ വി കുറുപ്പിന്റെ ശതാഭിഷേക ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ വൃക്ഷത്തൈ നട്ടു. വൈകുന്നേരം നാല് മണിക്ക് കവിയും കവയത്രി സുഗതകുമാരി ടീച്ചറും ചേര്ന്നാണ് കവിയുടെ പ്രിയ വൃക്ഷമായ ആലിന്റെ തൈ നട്ടത്.
"പ്രകൃതിയുടെയും നമ്മുടെയും എല്ലാം പ്രതിഛായ ആയി ഇവിടെ വളരട്ടെ" എന്ന് ഒ എൻ വി പറഞ്ഞു . " അടുത്ത ആയിരമായിരം വര്ഷം ഒ എൻ വി എന്ന ഒരു കവിയിവിടെ ഉണ്ടെന്നു ഓര്മിപ്പിച്ചു ഇവിടെ നില്ക്കും" എന്ന് സുഗതകുമാരി പറഞ്ഞു.
ആരോഗ്യ വൈഷമ്യങ്ങളെ മാറ്റിനിർത്തി നടീൽ ചടങ്ങിനു എത്തിയ കവിയെ അദ്ദേഹത്തിന്റെ കവിത ചൊല്ലിയാണ് മലയാളം പള്ളിക്കുടത്തിലെ കുട്ടികൾ വരവേറ്റത്.
കൊട്ടര മുറ്റത്തെ വേദിയിൽ തയ്യാറാക്കിയ മഞ്ചട്ടിയിൽ ടീച്ചർ നട്ട തൈക്ക് കവി കരസ്പർശമേകി. ടീച്ചർ എടുത്തു നല്കിയ ജലവും തൈയിൽ നനച്ചു.
ഈ ധന്യ മുഹുര്ത്തത്തിനു സാക്ഷിയാകാൻ മലയാളം സർവകലാശാല വൈസ് ചന്സിലെർ കെ.ജയകുമാർ, ബിഷപ്പ് ഡോ. സാമുവൽ മാർ ഐരനീയോസ്,ഡോ.പി.വേണുഗോപാലൻ, കവികൾ,ഭാഷാസ്നേഹികൾ തുടങ്ങിയവർ എത്തിയിരുന്നു .
മുഖം മിനുക്കുന്ന കനകക്കുന്നിലെ ഉചിതമായ സ്ഥലത്ത് മലയാളത്തിന്റെ പ്രിയ കവിയുടെ കരസ്പർശം ഏറ്റ ആൽത്തൈ പിന്നീട് സ്ഥാപിക്കും.