ബ്യൂണസ് ഐറിസ് : ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മറഡോണയ്ക്ക് ഈയിടെ ശസ്ത്രക്രിയ നടത്തിയിരുന്നു.
1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി വിലയിരുത്തപ്പെട്ടു. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കായി കളിച്ചു. 1986 ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചു.
ക്ലബ്ബ് ഫുട്‌ബോളില്‍ ബൊക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപോളി ടീമുകള്‍ക്കായി ബൂട്ടണിഞ്ഞു. ആകെ 588 മത്സരങ്ങളില്‍ 312 ഗോള്‍. അര്‍ജന്റീനയ്ക്കായി 106 കളിയില്‍ 42 ഗോളും നേടി. 2010 ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു.
ബ്യൂണസ് ഐറിസിലെ സാധാരാണ കുടുംബത്തില്‍നിന്നായിരുന്നു മറഡോണയെന്ന ഇതിഹാസത്തിന്റെ തുടക്കം. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നേടിയ 'ദൈവത്തിന്റെ കൈ ' ഗോള്‍ ചരിത്രത്തിന്റെ ഭാഗമായി.