ഗുവാഹത്തി: സാഫ് ഗെയിംസിന് വേദിയൊരുക്കാനുള്ള കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. പന്ത്രണ്ടാമത് ഗെയിംസിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമും മേഘാലയയും സംയുക്തമായി വേദിയാരുക്കും.നവംബറില്‍ ഗുവാഹത്തിയിലും ഷില്ലോങ്ങിലുമായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക.
അസമുകാരന്‍ കൂടിയായ കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അറിയിച്ചതാണ് ഇക്കാര്യം. അസമിലെ ലഖിംപുരില്‍ നിന്നുള്ള എം.പി.യാണ് സോനോവാള്‍.
ഇക്കഴിഞ്ഞ മെയ് ഇരുപതിന് ഗെയിംസ് കേരളത്തിന് അനുവദിക്കാമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കേരളത്തിന് വാഗ്ദാനം നല്‍കയിരുന്നു. മത്സരങ്ങള്‍ നടത്താന്‍ വിഷമമാണെന്ന് അസം സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഐ.ഒ.എ. കേരളത്തിന് വേദി അനുവദിച്ചത്.
ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.