ദുബായി:വിരമിച്ച ക്രിക്കെറ്റ് താരങ്ങളുടെ ട്വന്റി 20 മത്സരങ്ങൾ സെപ്തംബറിൽ അമേരിക്കൻ നഗരങ്ങളിൽ നടക്കും. ലെജന്റ്സ് ട്വന്റി 20 ക്രിക്കറ്റ് ലീഗെന്നു പേരിട്ടിരിക്കുന്ന ടൂര്നമെന്റിന്റെ രൂപരേഖയുമായി സച്ചിൻ തെണ്ടൂല്ക്കറും ഷെയിൻ വാനും ഐസിസി ആസ്ഥാനത്ത് ഇന്നലെ ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ്സനുമായി കൂടിക്കാഴ്ച നടത്തി . ഈ മുൻതാരങ്ങൾ വിരമിച്ച താരങ്ങളുടെ ട്വന്റി 20 ലീഗ് സംഘടിപ്പിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അത് ഉറപ്പിക്കുന്നതായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ചയും ചർച്ചയും.
അമേരിക്കയിലെ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് ചിക്കാഗോ എന്നി നഗരങ്ങളിൽ സെപ്ടംബരിൽ നടക്കുന്ന ലീഗിൽ ബ്രെറ്റ് ലീ, ആൻഡ്രൂ ഫ്ലിന്റോഫ്, ജാക്ക് കാലിസ്, ആദം ഗില്ക്രിസ്റ്റ്, ഗ്ലെൻ മഗ്രാത്ത്, മൈക്കൽ വോൺ, സൗരവ് ഗാംഗുലി, മഹേള ജയവർധനെ തുടങ്ങി 28 മുൻ താരങ്ങൾ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന ഓരോ താരത്തിനും ഒരു മത്സരത്തിനു 25,000 അമേരിക്കൻ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യം ലീഗ് തുടക്കമിടുന്നത് അമേരിക്കയിൽ ആണെങ്കിലും ലോകത്തിന്റെ വിവിധ വേദികളിൽ മൂന്നു-മൂന്നരക്കൊല്ലം മത്സര പരമ്പര നീണ്ടുനില്ക്കുന്ന രീതിയിലാണ് രൂപരേഖ.