തിരുവനന്തപുരം:മന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയെന്നും ഈ കേസ് ഇല്ലാതാക്കാന്‍ ചിലര്‍ സഹായം തേടിയെന്നും മറ്റും ആരോപിച്ച ബാര്‍ ഉടമ ബിജു രമേശ് ഇതിനു തെളിവെന്ന നിലയ്ക്കു കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലെ വിശദാംശവും സിഡിയിലെ സംഭാഷണവും രഹസ്യമൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നു ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട്.
ബിജു മൊഴിയില്‍ പറഞ്ഞ കാലയളവിലെ (2014 ഡിസംബര്‍) സംഭാഷണങ്ങളൊന്നും ഫോണിലില്ല. 2014 ല്‍ വിപണിയിലെത്തിയ ഫോണ്‍സെറ്റാണു ബിജു കോടതിയില്‍ ഹാജരാക്കിയതെങ്കിലും അതിനു മുമ്പുള്ള സംഭാഷണങ്ങളും അതിലുണ്ട്– റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്പി: ആര്‍. സുകേശന് ഈ റിപ്പോര്‍ട്ട് കോടതി വഴി ലഭിച്ചു. തെളിവു നിയമം 65 (ബി) പ്രകാരം ഇലക്ട്രോണിക് രേഖകള്‍ കോടതി തെളിവായി സ്വീകരിക്കും. എന്നാല്‍ ഇവിടെ വ്യാജമായി തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ഉന്നതോദ്യോഗസ്ഥര്‍ കരുതുന്നത്. അങ്ങനെ അന്വേഷണസംഘം കോടതിയില്‍ പറഞ്ഞാല്‍, ബിജുവിനെതിരെ ക്രിമിനല്‍ നടപടിക്കു വരെ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.