തിരുവനന്തപുരം:പി.എന്‍. പണിക്കരുടെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ 19 മുതല്‍ വായനവാരത്തോടനുബന്ധിച്ച് ജില്ലയില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപനവും കലാസാഹിത്യമല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഇന്ന് (ജൂണ്‍ 25) കോട്ടണ്‍ഹില്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും.
വിദ്യാര്‍ഥികളുടെ അക്ഷരപൂജയോടെ ആരംഭിക്കുന്ന പരിപാടികള്‍ രാവിലെ 10ന് എ.ഡി.ജി.പി ബറ്റാലിയന്‍ ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. ഗ്രാന്റ്മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ കേരളത്തിലെ ആദ്യ അധ്യാപകരക്ഷകര്‍തൃസമിതി പ്രസിഡന്റ് എം.എന്‍. ജനാര്‍ദ്ദനന്‍ നായര്‍, കോട്ടണ്‍ഹില്‍ ഗവ.എല്‍.പി.എസ് ഹെഡ്മിസ്ട്രസ് സെലിന്‍ എം. എന്നിവരെ ആദരിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മനു പൂജപ്പുര അവതരിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനവും ഉണ്ടായിരിക്കും.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാഹിതി എന്നിവരുടെ സഹകരണത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പരിപാടി സംഘടിപ്പിക്കുന്നത്.