തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തക വിതരണം ഈ മാസം 20 ന് പൂര്‍ത്തിയാക്കും. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.അബ്ദുറബ്ബ് എന്നിവര്‍ ഈ ഉറപ്പ് നല്‍കിയത്.
പാഠപുസ്തകവിതരണം വൈകാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും. വരുംവര്‍ഷങ്ങളില്‍ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കുറ്റമറ്റതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ചിഫ് സെക്രട്ടറിയോട് ആവശ്യപ്പെടും.
രണ്ടുകോടി 33 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതില്‍ ഒരു കോടി 95 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. 12 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. അച്ചടിപൂര്‍ത്തിയായ ആറ് ലക്ഷം പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്ന പണി പുരോഗമിക്കുന്നു. അവശേഷിക്കുന്ന 20 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി ഈ മാസം 20 നകം വിതരണം ചെയ്യാനാകുമെന്ന് യോഗത്തിനുശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നടത്തുന്ന സമരങ്ങള്‍ പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങള്‍ വൈകാനിടയായതില്‍ വിവിധ വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതിനാലാണ് അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണത്തിനു ശേഷം വിദ്യാര്‍ത്ഥി സംഘടനകളുടെ വിപുലമായ യോഗം വിളിച്ചുചേര്‍ക്കും. സംഘടനകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും മുന്‍കൂട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തക പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും അകാരണമായി കേസ് എടുക്കില്ല. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിശദമായി പ്രത്യേകം പരിശോധിച്ച ശേഷമേ പിന്‍വലിക്കുന്നകാര്യം തീരുമാനിക്കാനാവൂയെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കാര്യക്ഷമമാക്കാന്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ എല്ലാ നടപടികളും ഈ വര്‍ഷവും സ്വീകരിച്ചിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചതും അച്ചടി കളറിലേക്ക് മാറ്റിയതും അച്ചടി വൈകാന്‍ കാരണമായി. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ച ഗുണനിലവാരത്തില്‍ പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ പ്രസുകളില്‍ ലഭ്യമല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ജൂണ്‍ ഒന്നിന് അച്ചടി പൂര്‍ത്തിയാവില്ലെന്ന് അച്ചടി വകുപ്പും കെ.പി.ബി.എസും അറിയിച്ച സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ ആലോചിച്ചെങ്കിലും സ്വകാര്യ പ്രസുകള്‍ക്ക് അച്ചടി ജോലികള്‍ നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യങ്ങളില്‍ ഏതെങ്കിലും വകുപ്പില്‍ നിന്ന് ബോധപൂര്‍വ്വമായ വീഴ്ച വന്നിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ ഉച്ചക്കഞ്ഞിക്ക് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കും. പ്ലസ്ടു സ്‌കൂളുകളില്‍ തലവരിപ്പണം വാങ്ങുന്നുവെന്ന ആക്ഷേപത്തില്‍ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.