തിരുവനന്തപുരം: വ്യാവസായിക ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് 15 ദിവസത്തിനകം മറുപടി നല്‍കാനായില്ലെങ്കില്‍ കല്‍പിതാനുമതി ലഭിക്കുന്ന വിധത്തിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായ സൗഹൃദ സൂചികയില്‍ രാജ്യത്ത് മുന്‍പന്തിയിലെത്തുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിക്ഷേപകരിലേക്കും വ്യവസായികളിലേക്കും എത്തിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളം ലീല ഹോട്ടലില്‍ നടന്ന സി. ഐ. ഐ സതേണ്‍ റീജ്യണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവ യാഥാര്‍ത്ഥ്യമാകുന്നത് വ്യവസായ രംഗത്തെ മുന്നേറ്റത്തിന് സഹായിക്കും. ശബരിമലയിലും പുതിയ വിമാനത്താവളം നിര്‍മ്മിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മികച്ച പാതയൊരുക്കാന്‍ തീരുമാനമായി. ഗെയില്‍ പൈപ്പ് ലൈനിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ വികസന പദ്ധതികളെല്ലാം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി. ഐ. ഐ സതേണ്‍ റീജ്യണ്‍ ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ ആര്‍. ദിനേശ്, റീജ്യണല്‍ ഡയറക്ടര്‍ സതീഷ് രാമന്‍, കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.