തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍, നഗരറോഡ് വികസനപദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ പത്തിനകം പൂര്‍ത്തിയാക്കുമെന്ന് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മന്ത്രിയുടെ ഓഫീസില്‍, ജില്ലാകളക്ടര്‍ ബിജുപ്രഭാകറിന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കിഴക്കേക്കോട്ടയുടെ മുഖച്ഛായതന്നെ മാറത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് നടത്തിവരുന്നത്. റോഡുകള്‍ ഉയര്‍ത്തി വീതികൂട്ടിക്കഴിഞ്ഞു. ഇരുവശത്തും ബസ് ബേകള്‍ നിര്‍മ്മിച്ചു. സെന്റര്‍ മീഡിയന്‍, ട്രാഫിക് ഐലന്റുകള്‍, നടപ്പാതകള്‍, കൈവരികള്‍ മുതലായവ സ്ഥാപിച്ചു. ഇലക്ട്രിക് ലൈനുകള്‍ ഭൂഗര്‍ഭകേബിളുകളാക്കി. മൂന്ന് ട്രാഫിക് സിഗ്‌നലുകളും സജ്ജമാക്കിക്കഴിഞ്ഞു.
കാല്‍നടക്കാര്‍ക്ക് റോഡുമുറിച്ചു കടക്കാനുള്ള സിഗ്‌നലുകള്‍കൂടി ഉള്‍പ്പെടുത്തിയവയാണ് ഇവ. കിഴക്കേക്കോട്ട വാതിലിന്റെ ഇരുവശവും ടൈല്‍സ് വിരിച്ച് മനോഹരമാക്കും. ട്രാഫിക് ഐലന്റുകളും മീഡിയനും സൗന്ദര്യവല്‍ക്കരിക്കും. ഗാന്ധിപാര്‍ക്കിനുചുറ്റുമുള്ള പൊതുമരാമത്ത് റോഡുകളുടെ ടാറിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തും. കിഴക്കേക്കോട്ടയില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ച് പുതിയ ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുമെന്ന് വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി.
ബസ്സുകളുടെ സമയവിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നതിനുവേണ്ടി ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനവും എം.എല്‍.എ ഫണ്ടുപയോഗിച്ച് സജ്ജമാക്കും. കിഴക്കേക്കോട്ടയിലെ ഗതാഗതക്കുരുക്കിനും അപകടപരമ്പരകള്‍ക്കും പരിഹാരമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച അട്ടക്കുളങ്ങര ബസ് ടെര്‍മിനല്‍ പദ്ധതി സമവായത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.