തിരുവനന്തപുരം:സംസ്ഥാനത്തെ 27,000 ആശമാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ആശാകിരണം പദ്ധതിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർവഹിച്ചു. നിങ്ങൾ ചെയ്യുന്ന സേവനം വച്ച് നോക്കുമ്പോൾ നിങ്ങള്ക്ക് തരുന്നതൊന്നും പകരമാകില്ല. ഇനിയും എന്തെങ്കിലും നിങ്ങൾക്ക് വേണ്ടി ചെയ്യണം അത് നിങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ഉദ്ഘടാന പ്രസംഗത്തിൽ മുഖ്യമന്ത്രിപറഞ്ഞു.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്ന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എം. മാണി, കെ.പി. മോഹനന്‍, എം കെ മുനീർ,മേയർ കെ ചന്ദ്രിക പദ്ധതിയുടെ ബ്രാൻഡ്അംബാസ്സിഡറായ ചലച്ചിത്രതാരം അനുശ്രി എന്നിവര് പങ്കെടുത്തു. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവരും പങ്കെടുത്തു.
അപകടമരണം സംഭവിക്കുന്ന ആശയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പൂര്‍ണ്ണമായി അംഗവൈകല്യം സംഭവിച്ച ആശയ്ക്ക് രണ്ട് ലക്ഷം രൂപയും, ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും, അപകടത്തെത്തുടര്‍ന്നുള്ള ആശുപത്രിച്ചെലവിന് 10,000 രൂപയും പദ്ധതിപ്രകാരം ലഭിക്കും. മരണാനന്തര സംസ്‌കാരച്ചെലവിലേക്ക് 50,000 രൂപ ആശ്രിതര്‍ക്ക് അനുവദിക്കും. അപകടത്തില്‍ മരിച്ച ആശമാരുടെ മക്കള്‍ക്ക് 2,000 രൂപയുടെ വാര്‍ഷിക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇത്തരമൊരു പദ്ധതി ഇന്ത്യയിലാദ്യമാണ്. പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്.