മുംബൈ:1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.
യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തം തടവായി കുറക്കണമെന്നാവശ്യപ്പെട്ട് വിവിധരംഗങ്ങളിലെ 40 പ്രമുഖര്‍ രാഷ്ട്രപതിക്ക് നിവേദനവും നല്‍കിയിരുന്നു. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും രാം ജഠ്മലാനിയടക്കമുള്ള നിയമവിദഗ്ദരും ഒപ്പിട്ട നിവേദനമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്.ഇവര്‍ക്കു പുറമെ, വധശിക്ഷ ഇളവു ചെയ്യണമെന്ന ആവശ്യവുമായി ട്വീറ്റു ചെയ്ത ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും വിവാദത്തില്‍പ്പെട്ടിരുന്നു. മേമന് വധശിക്ഷ നല്‍കിയ വിധി പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന്, മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബഞ്ചിലും അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ ഹര്‍ജി പരിഗണിക്കുന്നത് വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പിഴവു തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നതിനു മുന്‍പേ തനിക്കു മരണ വാറന്റ് നല്‍കിയ ടാഡാ കോടതി നടപടി സ്വാഭാവിക നീതി നിഷേധിക്കലാണെന്ന വാദമാണു ഹര്‍ജിയില്‍ യാക്കൂബ് മേമന്‍ ഉന്നയിച്ചത്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന യാക്കൂബിന്റെ വാദം മൂന്നംഗ ബഞ്ച് തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദയാഹര്‍ജി തള്ളിയതെന്ന് സുപ്രീം കോടതി വിലയിരുത്തി.