ന്യൂഡല്‍ഹി: രാജ്യത്തിന്റെ 69ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കംക്കുറിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി രാജ്യത്തെ
അഭിസംബോധന ചെയ്തു. മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പ്രശ്‌നം എല്ലാ സര്‍ക്കാരുകള്‍ക്കും മുന്‍പില്‍ വരുന്നതാണ്. ചിലര്‍ വാക്കുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ അവസാനമായിട്ടില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പെന്‍ഷന്‍ നടപ്പാക്കുന്നിതിനാവശ്യമായ ചില വിഷയങ്ങളിലിപ്പോഴും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അവയുടെ രീതി വച്ചുനോക്കിയാല്‍ പ്രതീക്ഷകള്‍ക്കു വകയുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ & സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
125 കോടി ഭാരതീയരും ഒന്നിക്കുന്ന ടീമാണ് ടീം ഇന്ത്യ. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ജന്‍ധന്‍യോജന അതില്‍ പ്രധാനമാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും പാവപ്പെട്ടവരുടെ മുന്നില്‍ തുറന്നു. അവര്‍ക്കും ധനസംരക്ഷണത്തെക്കുറിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായി. 20,000 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. നമ്മുടെ ജനങ്ങളുടെ ശക്തിനോക്കൂ.
രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ഒന്നിനും സ്ഥാനമില്ല. ഇന്ത്യയുടെ ഓരോ മൂലയിലും ലാളിത്യവും കൂട്ടായ്മയും കാണാന്‍ സാധിക്കും ഇന്ത്യയുടെ ശക്തി അതാണ്. ഈ കൂട്ടായ്മ നഷ്ടമാകുമ്പോള്‍ ജനങ്ങളുടെ സ്വപ്നവും തകരും. ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. 125 കോടി ജനങ്ങളും ഒരു ശക്തിയായി പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.