ഹൈദരാബാദ്:സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി.രാമലിംഗരാജു അടക്കം 10 പ്രതികളും കുറ്റക്കാരെന്നു പ്രത്യേക കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സിബിഐയാണ് കേസ് അന്വേഷിച്ചത്. കമ്പനിയുടെ ആസ്തിയും ബാങ്ക് ബാലന്‍സും പെരുപ്പിച്ചു കാട്ടാനും ബാധ്യതകള്‍ കുറച്ചുകാണിക്കാനും ആയിരക്കണക്കിനു കോടി രൂപയുടെ വ്യാജരേഖകള്‍ ചമച്ച്, ഓഹരിയുടമകളെ കബളിപ്പിച്ചു പണം തട്ടിയെന്നതാണ് കേസ്.
രാജ്യത്തെ ഏതെങ്കിലും കമ്പനിയില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന സത്യം തട്ടിപ്പില്‍ രാമലിംഗരാജുവിനു പുറമേ സഹോദരന്‍ രാമരാജുവും പ്രതിപ്പട്ടികയിലുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കണക്കു ചമയ്ക്കല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്.
രാമലിംഗ രാജുവിന്റെ സഹോദരന്മാരായ സൂര്യനാരായണ രാജു, രാമരാജു, കമ്പനി മുന്‍ സിഇഒ, വൈസ് പ്രസിഡന്റ് എന്നിവര്‍ പ്രതികളില്‍ ഉള്‍പ്പെടുന്നു. 2009 ജനുവരി ഏഴിനാണ് സത്യം തട്ടിപ്പ് കേസ് പുറത്ത് വന്നത്.
സിബിഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 2009 ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്ര ഏറ്റെടുത്തു. ഓഹരിയുടമകള്‍ക്ക് 14,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു സിബിഐയുടെ കണ്ടെത്തല്‍.