തിരുവനന്തപുരം:സംസ്ഥാനത്തെ 15 തദ്ദേശഭരണ വാര്‍ഡുകളിലെ വോട്ടെടുപ്പ് ജൂലൈ 28 രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. വൈകുന്നേരം 5 മണിവരെയാണ് വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ വെളളിയാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങും
തിരുവനന്തപുരം : കോര്‍പ്പറേഷനിലെ പാപ്പനംകോട്, വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്, ആലപ്പുഴ : പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ കോട്ടയം : മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം, മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര, ഇടുക്കി : കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് എറണാകുളം : തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര തൃശ്ശൂര്‍ : ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട്, പാലക്കാട് : ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല, മലപ്പുറം : ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം. വാര്‍ഡ് കോഴിക്കോട് : ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റ് കണ്ണൂര്‍ : കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക കാസര്‍ഗോഡ് : ജില്ലാ പഞ്ചായത്തിലെ ഉദുമ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടു ചെയ്യാന്‍ സമ്മതിദായകന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്കു ആറു മാസം മുമ്പ് വരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം.
സമ്മതിദായകരുടെ വിരലില്‍ മഷി അടയാളം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സമ്മതിദായകരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലില്‍ രേഖപ്പെടുത്തിയ മഷി ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഇതനുസരിച്ച് ഇടതു കൈയ്യിലെ നടുവിരലിലായിരിക്കും ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് സമയത്ത് മഷി അടയാളം രേഖപ്പെടുത്തുക. നടുവിരല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മോതിരവിരലിലോ, ചെറുവിരലിലോ, തള്ളവിരലിലോ അടയാളം രേഖപ്പെടുത്തും. ഇടതു കൈയ്യില്ലാത്തവരില്‍ വലതു കൈയ്യിലെ ചൂണ്ടുവിരലിലോ, മേല്‍ ക്രമപ്രകാരമുള്ള ഏതെങ്കിലും മറ്റുവിരലിലോ മഷി അടയാളം രേഖപ്പെടുത്തുന്നതാണ്. രണ്ട് കൈകളിലും വിരലുകളില്ലായെങ്കില്‍ ഇടതോ വലതോ കൈയ്യുടെ അഗ്രത്ത് വേണം മഷി അടയാളം ഇടേണ്ടത്.