മക്ക:ബലി പെരുനാൾ ദിനത്തിൽ ഹജ് കർമത്തിനിടെ തിക്കിലും തിരക്കിലും പെട്ടു
മരിച്ചവരുടെ എണ്ണം 345 ആയി. വിശുദ്ധ നഗരമായ മക്കയ്ക്കു പുറത്ത് മിനായിൽ
കല്ലേറു കർമത്തിനിടെയാണ് അപകടം. സംഭവത്തിൽ 1,000 പേർക്കു
പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവം സൗദി ആഭ്യന്തര മന്ത്രാലയം
സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന. 13
ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മലയാളികള്‍ ആരും ഇതുവരെ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടില്ല. അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കർമത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ
വലിയ അപകടമാണിത്. കഴിഞ്ഞയാഴ്ച മക്കയിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ
107ൽ അധികം പേർ മരിച്ചിരുന്നു. 204 ാം നമ്പര്‍ സ്ട്രീറ്റിന് സമീപം ജംറ പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് തിക്കും തിരക്കുമുണ്ടായത്. നാല് ആസ്പത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മക്ക നഗരത്തിലെ ആസ്പത്രിയിലേക്ക് ഹെലിക്കോപ്ടര്‍ ഉപയോഗിച്ചും പരിക്കേറ്റവരെ എത്തിക്കുന്നുണ്ട്. അതേസമയം, ഹജ് കർമങ്ങൾ തടസം കൂടാതെ തുടരുന്നതായാണ് റിപ്പോർട്ടുകൾ.
ഹജ്ജ് കര്‍മ്മത്തിനായി ഇത്തവണ മിനായില്‍ എത്തിയത് 20 ലക്ഷം പേരാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 65,000 ത്തോളം പേരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. 1990 ൽ 1,426 പേരും ഫെബ്രുവരി 2004ൽ 244 പേരും ഇതിനുമുൻപു ഹജ് കര്മ്മത്തിനിടെ മരിച്ചിട്ടുണ്ട്.