സൂറിച്ച്: ഫിഫയുടെ അധ്യക്ഷസ്ഥാനത്തേക്കു സെപ് ബ്ലാറ്റര്‍ക്കു ശേഷം വീണ്ടുമൊരു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍. നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫന്റിനോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്ലാറ്റിനി പിന്‍മാറിയതിനെ തുടര്‍ന്നാണ് നാല്‍പത്തിയഞ്ചുകാരനായ ഇന്‍ഫന്റിനോ മത്സരരംഗത്തേക്ക് എത്തിയത്. 115 വോട്ടുനേടിയാണ് ഇന്‍ഫന്റിനോ ജയിച്ചത്. ഏഷ്യയില്‍ നിന്നുള്ള ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം 88 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി.
ഫിഫയിലെ 209 അംഗരാജ്യങ്ങളില്‍ 207 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. ആദ്യ റൗണ്ടില്‍ ഇന്‍ഫന്റിനോയ്ക്ക് 88 വോട്ടാണ് ലഭിച്ചത്. ഷെയ്ക്ക് സല്‍മാന് 85 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഇന്‍ഫന്റിനോ വിജയമുറപ്പിച്ചത്.
ഇന്‍ഫന്റിനോയ്ക്ക് ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലിഷ്, സ്പാനിഷ് ഭാഷകളില്‍ പരിജ്ഞാനമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ലോകകപ്പ് 40 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്നാണ് ഇന്‍ഫന്റിനോയുടെ പ്രധാന പ്രധാന വാഗ്ദാനം. 2019 വരെ മൂന്നു വര്‍ഷത്തേക്കാണ് നിയമനം.