ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനു ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസത്തേക്കാണ് ഇടക്കാല ജാമ്യം. 10,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും അന്വേഷണത്തോടു സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കനയ്യ കുമാറിന്റെ ജാമ്യത്തുക ജെഎന്‍യുവിലെ ഒരു അധ്യാപകന്‍ തന്നെ കോടതിയില്‍ കെട്ടിവയ്ക്കുമെന്ന് അറിയിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന കനയ്യകുമാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങും.
കനയ്യകുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കിയ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ വിധി പറയാനായി മാറ്റുകയായിരുന്നു. ഇന്നലെ പല തവണ പരിഗണിച്ചതിനുശേഷമാണ് വൈകുന്നേരം ആറരയോടെ ജസ്റ്റീസ് പ്രതിഭ റാണി വിധി പ്രഖ്യാപിച്ചത്.
കനയ്യകുമാര്‍ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പരിപാടികളില്‍ പങ്കെടുക്കുകയോ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ ചെയ്തിട്ടില്ലെന്ന വാദം കോടതി അംഗീകരിച്ചു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുന്ന ആളെന്ന നിലയിലാണു ജാമ്യം നല്‍കുന്നതെന്നു വ്യക്തമാക്കിയ ജസ്റ്റീസ് പ്രതിഭ റാണി, രാജ്യത്തിനു വിരുദ്ധമായ സംഭവങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും നിര്‍ദേശിച്ചു.