ന്യൂഡല്‍ഹി:നാല് രാജ്യങ്ങളിൽ ഇന്നുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 718 പേർ മരണമടഞ്ഞു. നേപ്പാളിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത് .
നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 688 ആയി . ഇന്ത്യയില്‍ മരണസംഖ്യ 20 ആയി ഉയര്‍ന്നിട്ടുണ്ട്.ടിബറ്റിൽ ആറും,ബംഗ്ലാദേശിൽ രണ്ടും ,നേപ്പാൾ - ചൈന ബോർടെരിൽ രണ്ടു ചൈനക്കാരും മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതേസമയം, ഒട്ടേറെ ഇന്ത്യക്കാര്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി.
ഇന്നു രാവിലെ 11.40ന് ആണ് നേപ്പാളിനെയും ഉത്തരേന്ത്യയേയും വിറപ്പിച്ച് ഒരു മിനിറ്റ് നീണ്ടു നിന്ന ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിന് 80 കിലോമീറ്റര്‍ കിഴക്കുള്ള പൊഖ്‌റയിലാണ്. ഇവിടെ രണ്ട് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രകമ്പനമുണ്ടായത്.ആദ്യ ഭൂചലനത്തെ തുടര്‍ന്ന് 12 തുടര്‍ചലനങ്ങളും നേപ്പാളിലുണ്ടായതായി . ഇവയ്ക്ക് 4.5 മുതല്‍ 6.6 വരെ തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.
നിരവധിപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. . നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ധരാഹരയില്‍ ചരിത്രപ്രധാനമായ ഒന്‍പതുനിലയുള്ള കെട്ടിടം തകർന്നു. ഇവിടെ നാനൂറില്‍ അധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നേപ്പാളിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ദുരിത മേഖലയിലേക്ക് ഇന്ത്യ ദുരിതാശ്വാസ സംഘത്തെ അയച്ചിട്ടുണ്ട്.
നേപ്പാളിലെ ഭൂചലനത്തില്‍ 600 ഓളംപേര്‍ മരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പര്‍- 011-23012113, 2301104, 23017905.