കൊച്ചി: കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നു രാജിവച്ച ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായി ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി രൂപീകരണ യോഗത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്നു രാജിവച്ച 326 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 1964ല്‍ രൂപമെടുത്ത കേരള കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണു പുതിയ പാര്‍ട്ടിയിലൂടെ ലക്ഷ്യം. കോട്ടയത്തായിരിക്കും പാര്‍ട്ടിയുടെ ആസ്ഥാനം. 16നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതേതര പുരോഗമന ശക്തികളുമായി ചേര്‍ന്നു പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും സംഘടനാ സംവിധാനം രൂപീകരിക്കുന്ന പ്രക്രിയ പൂര്‍ത്തിയായാല്‍ ഇടതുപക്ഷവുമായുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
കര്‍ഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയാകും പുതിയ പാര്‍ട്ടി നിലനില്‍ക്കുക. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കും. പുതിയ പാര്‍ട്ടി എന്ന നിലയില്‍ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാണ്. ദൈവത്തില്‍ ആശ്രയിച്ച് ത്യാഗനിര്‍ഭരമായുള്ള പ്രവര്‍ത്തനമാണ് ആവശ്യം. കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി പുതിയ പാര്‍ട്ടി മാറും.
കേരള കോണ്‍ഗ്രസ്-എം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍പേര്‍ പുതിയ പാര്‍ട്ടിയില്‍ എത്തും. കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടിയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സന്ധി ചെയ്യിക്കാനുമാണു നേതൃത്വം ശ്രമിക്കുന്നത്. ബിജെപിയുമായി ചര്‍ച്ച നടത്തിയതു പാര്‍ട്ടിയില്‍ ആലോചിച്ചല്ല. കോട്ടയത്തെ റബര്‍ സമരം ഒരു വ്യക്തിക്കുവേണ്ടി മാത്രമായിരുന്നു. അതുകൊണ്ടാണ് അതു ഫലം കാണാതെ പോയത്. ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ കെ.എം. മാണി രാജിവയ്ക്കാന്‍ വിമുഖത കാണിച്ചു. രാജിവച്ചപ്പോള്‍ മന്ത്രിസ്ഥാനം മറ്റ് എംഎല്‍എമാര്‍ക്കു നല്‍കാത്തതിന് കെ.എം. മാണി മറുപടി പറയണം. ലയനശേഷം ജോസഫ് വിഭാഗത്തോടു മാണി നീതി കാണിച്ചിട്ടുണേ്ടാ എന്ന് പി.ജെ. ജോസഫ് വ്യക്തമാക്കണം. കര്‍ഷകര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിനോ പാര്‍ട്ടിക്കോ കഴിഞ്ഞില്ല. മുമ്പൊന്നുമില്ലാത്ത വിധം കേരള കോണ്‍ഗ്രസുകാര്‍ ആക്ഷേപങ്ങള്‍ കേട്ടു. ബജറ്റ് വിറ്റുവെന്നുവരെ ആരോപണമുണ്ടായി.