തിരുവനന്തപുരം: സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി വൈദികന്‍ ഫാദര്‍ മാര്‍ട്ടിന്‍ സേവ്യറിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ ഫാദര്‍ മാര്‍ട്ടിന്‍ സേവ്യര്‍ ഒരു വര്‍ഷം മുന്‍പാണ് എഡിന്‍ബറ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡില്‍ പോകുന്നത്. എഡിന്‍ബറയില്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിന്റെ ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. വൈദികനെ കാണാതായതില്‍ ബന്ധുക്കള്‍ക്കും സഭയ്ക്കും കടുത്ത ആശങ്കയും സംശയവും ഉണ്ടായിരിക്കുകയാണ്. തിരോധാനത്തില്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള പങ്ക് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താന്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കാനുംമൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്യണമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.