കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ കയ്യേറ്റമൊഴിപ്പിക്കല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. ഫോര്‍ട്ടുകൊച്ചി സബ് ഡിവിഷന് കീഴില്‍ കാക്കനാട് വില്ലേജിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തെ ഒഴിപ്പിക്കലാണ് സബ് കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും സബ് കളക്ടര്‍ അറിയിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിച്ച് അതിര്‍ത്തികള്‍ തിരിക്കുന്നതിന് തുടക്കം കുറിച്ചത്. പദ്ധതി പ്രദേശത്തെ അതിര്‍ത്തികള്‍ നിര്‍ണയിച്ചതോടെ വേലി കെട്ടി തിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇന്‍ഫോപാര്‍ക്കിന് അഭിമുഖമായുള്ള സ്മാര്‍ട്ട് സിറ്റി പ്രധാന കെട്ടിടത്തിന് അതിരിട്ടൊഴുകുന്ന ഇടച്ചിറത്തോട് ചെളിയും മാലിന്യവും നീക്കി പൂര്‍വസ്ഥിതിയിലാക്കി. നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് ഇടച്ചിറത്തോടിന് കുറുകെ സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലികപാലം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നീക്കം ചെയ്യും.
പദ്ധതി പ്രദേശത്ത് കൂടിയുള്ള റോഡ് ശൃംഖലയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. പദ്ധതിപ്രദേശത്ത് തൃക്കാക്കര നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം സംബന്ധിച്ച് ജില്ല കളക്ടര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് സബ് കളക്ടര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് യാത്രാസൗകര്യം ഉറപ്പു വരുത്തുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.