തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുളള യൂണിഫോം എന്ന തത്വം പൂര്‍ണമായും നടപ്പിലാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം അടുത്തമാസം തന്നെ എല്ലാ പ്രധാനാധ്യാപകര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോതരത്തിലുളള യൂണിഫോം വേണമെന്ന രീതിയുണ്ടെന്നും ഇത് വിദ്യാഭ്യാസചെലവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് കുട്ടികളില്‍ വളരെയേറെ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. യൂണിഫോം തെറ്റായി ധരിച്ചത് മനസ്സിലായതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങാനായി ധൃതിയില്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ച സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യത്യസ്ത യൂണിഫോം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും യൂണിഫോം മാറി ധരിക്കുന്നതിനിടയാകുന്നുവെന്നും ഇതുമൂലം കുട്ടികള്‍ മാനസികപിരിമുറുക്കത്തിന് വിധേയരാകുന്നുണ്ടെന്നും വിവിധ ജില്ലകളില്‍ കമ്മീഷന്‍ കുട്ടികളുമായി നടത്തിയ സംവാദം പരിപാടിയില്‍ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍, വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കണമെന്ന ഉത്തരവ് നിലവിലില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.