തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന വേളയില്‍ കേരളത്തിലും ഭൂമിയുടെ രക്ഷയ്ക്കായി ഭൗമമണിക്കൂര്‍ ആചരിക്കും. ആചരണത്തിന്റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്രധാന ചരിത്ര സ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതി ഭവന്‍ വരെ ഒരു മണിക്കൂര്‍ ലൈറ്റുകള്‍ ഓഫാക്കും.
നമ്മുടെ ഭൂമിയുടെ രക്ഷയ്ക്കായി എല്ലാവരും മാര്‍ച്ച് 19 ന് രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ വൈദ്യുതോപകരണങ്ങളെല്ലാം ഓഫ് ചെയ്ത് ഈ ബഹുജന കൂട്ടായ്മയില്‍ സഹകരണവും സാന്നിദ്ധ്യവും ഉറപ്പാക്കണമെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
കേരളത്തില്‍ 2009ല്‍ തുടങ്ങിയ ഭൗമമണിക്കൂര്‍ ആചരണത്തില്‍ ഒരു മണിക്കൂര്‍ സമയം ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഓഫാക്കി എല്ലാവരും പങ്കാളികളാവുകയാണ്. ആവശ്യമില്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫാക്കുക, സൗരോര്‍ജ്ജത്തിലേക്ക് മാറുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ഈ പരിപാടിയിലൂടെ വൈദ്യുത സ്വിച്ചുകളെ പ്രതീകമാക്കി ആഗോള താപനത്തിനെതിരെയുള്ള നടപടികള്‍ക്കായി അധികാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.