തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വനംവകുപ്പ് ഉത്തരവ് പിന്‍വലിച്ചു. വനംവകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചത്. തൃശൂര്‍ പൂരം സുഗമമായി നടക്കുന്നതിനുള്ള നടപടികളെടുക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചതായും തിരുവഞ്ചൂര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വനംവകുപ്പ് ഉത്തരവ് ഇറക്കാനിടയായ സാഹചര്യം പരിശോധിക്കും. അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങളുടെ അപേക്ഷയെ തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
കഴിഞ്ഞ ദിവസമാണ് ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ പ്രധാന പങ്കാളികളായ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ തീരുമാനമെടുത്തത്. വനംവകുപ്പിന്റെ ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ദേവസ്വം അധികൃതര്‍ തീരുമാനമെടുത്തത്. രാവിലെ പത്തുമുതല്‍ അഞ്ചുവരെ ആനകളെ എഴുന്നള്ളിക്കരുത്, ഒരു ആനയെ മൂന്നു മണിക്കൂറിലധികം എഴുന്നള്ളിക്കരുത്, ആനകള്‍ തമ്മില്‍ മൂന്നു മീറ്ററെങ്കിലും അകലം വേണം. എന്നിങ്ങനെയായിരുന്നു ആനയെഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങള്‍.