തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. രണ്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ നിനോയുടെ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനും 30 ലക്ഷം രൂപ ലിജേഷിന്റെ പിതാവിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ 49 സാക്ഷികളേയും 85 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം
തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചാണ് ഒന്നാം പ്രതിക്ക് കോടതി
തൂക്കുകയര്‍ വിധിച്ചത്. മാത്യത്വത്തിന് തന്നെ അപമാനമായ പ്രവൃത്തിക്കാണ്
രണ്ടാം പ്രതി അനുശാന്തി കൂട്ടുനിന്നതെന്നും സമാനതകളില്ലാത്ത ക്രൂരതയാണ്
ഒന്നാം പ്രതി പിഞ്ചുകുഞ്ഞിനോടും വൃദ്ധയോടും കാട്ടിയതെന്നും കോടതി
നിരീക്ഷിച്ചു. കുഞ്ഞിനെക്കാള്‍ നീളമുള്ള ആയുധം ഉപയോഗിച്ച് ക്രൂരമായാണ്
ഒന്നാം പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതി വിധി പ്രസ്താവനയില്‍
പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ച സിഐ അനില്‍കുമാര്‍, ഫോറന്‍സിക് വിദഗ്ധര്‍, സ്‌പെഷല്‍
പ്രോസിക്യൂട്ടര്‍ വി.എസ്.സുനില്‍കുമാര്‍ എന്നിവരെ കോടതി പ്രശംസിച്ചു.