തിരുവനന്തപുരം:പൊതുജനങ്ങളില്‍ നിന്നും കമ്മീഷന്‍ മുമ്പാകെ ലഭിക്കുന്ന പരാതിക്കും അപ്പീലിനും ഒപ്പം അപേക്ഷകന്‍ ഫീസ് ഒടുക്കുന്നതായി വിവരാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഫീസ് ഒടുക്കുന്നത് പൊതുവിവരാവകാശ അധികാരി മുമ്പാകെ സമര്‍പ്പിക്കുന്ന ആദ്യ അപേക്ഷയില്‍ മാത്രമേ ആവശ്യമുളളുവെന്നും നിയമത്തിന്റെ 18ാം വകുപ്പനുസരിച്ച് കമ്മീഷന്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന പരാതികള്‍ക്കോ 19ാം വകുപ്പനുസരിച്ച് ഫയല്‍ ചെയ്യുന്ന അപ്പീലുകള്‍ക്കോ ഫീസ് ഒടുക്കേണ്ടതില്ല എന്നും കമ്മീഷന്‍ അറിയിച്ചു. 10 രൂപയാണ് അപേക്ഷാ ഫീസ്.
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കാര്യങ്ങളില്‍ ഫീസായി പോസ്റ്റല്‍ ഓര്‍ഡറുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ സ്വീകരിക്കുന്നതല്ലെന്നും കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളില്‍ നേരിട്ടോ ഡിമാന്റ് ഡ്രാഫ്റ്റ്, ബാങ്കേഴ്‌സ് ചെക്ക്, പേ ഓര്‍ഡര്‍ രീതിയിലോ വിവരാവകാശ അപേക്ഷ ഫീസ് ഒടുക്കാം.